കോട്ടയം: കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും. പുതുതായി അനുവദിച്ച നഗർകോവിൽ-മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും.
രണ്ട് ട്രെയിനുകളും വ്യത്യസ്‌ത ദിവസങ്ങളിലാണ് ഓടുന്നതെങ്കിലും വെള്ളിയാഴ്ച ഇരു ട്രെയിനുകളുടെയും ഉദ്ഘാടന ഓട്ടം നടക്കുമെന്ന് അധികൃതർ പറയുന്നു. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും. നോൺ-എ സി വിഭാഗത്തിലുള്ള സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.









