കോട്ടയം

കോട്ടയം പൊൻകുന്നം സ്വദേശിയായ പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി! പ്രതിയെന്ന് സംശയിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

കറുകച്ചാല്‍: യുവതിയെ കാറിടിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുട‌ങ്ങി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്.

ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോൾ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത് എന്നാണ് വിവരം.

വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്നോവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അതൊരു വാടകയ്‌ക്കെടുത്ത വാഹനമാണെന്ന് മനസിലായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മരിച്ച നീതുവിന്റെ ആണ്‍സുഹൃത്തിലേക്ക് എത്തി നില്‍ക്കുന്നത്. കസ്റ്റഡിയിലെടുത്ത അന്‍ഷാദിനെ ചോദ്യം ചെയ്തുവരികയാണ്.