കോട്ടയം :കെ.എസ്.ആർ.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയിൽ ഹിറ്റ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയിൽനിന്നുള്ള ബജറ്റ് ടൂറിസം സർവീസും കോട്ടയം ജില്ലയുടെ കണക്കിലാണുൾപ്പെടുത്തുന്നത്.
സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പറഞ്ഞു. അവധിക്കാലം മുന്നിൽക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ഞായറാഴ്‌ച മുതൽ പ്രത്യേക അവധിക്കാല യാത്രകൾ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്.
ജില്ലയിലെ ഏഴു ഡിപ്പോകളിൽനിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയിൽ നെഫർട്ടിറ്റി എന്ന ആഡംബര കപ്പൽ യാത്രയും ബജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പൽ ചാർജും ഉൾപ്പെടുന്നതാണ് പാക്കേജ്.
ശിവഗിരിതീർഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദർശനം തുടങ്ങിയ പാക്കേജുകളുമുണ്ട്.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
എരുമേലി-9562269963,9447287735
പൊൻകുന്നം 9497888032,6238657110
ഈരാറ്റുപേട്ട 9497700814,9526726383
പാലാ 9447572249,9447433090
വൈക്കം-9995987321,9072324543
കോട്ടയം -8089158178,9447462823
ചങ്ങനാശേരി-8086163011,9846852601
കൂത്താട്ടുകുളം 9497415696,9497883291









