കോട്ടയം

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്, കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. നഗരസഭാ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) ലെ നാലിൽ മൂന്ന് സ്ഥാനാർഥികളും തോറ്റു.

ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പല ഡിവിഷനുകളിലും പലവട്ടം കയറിയിറങ്ങിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എക്കും ഇത് കനത്ത തിരിച്ചടിയായി. അവിടെങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കൂടാതെ എൽ.ഡി.എഫിൽ നിന്നും പൂഞ്ഞാർ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതും പൂഞ്ഞാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോഷി മുഴിയാങ്കൽ കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റതും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളായ പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ യു.ഡി.എഫ് വിജയവും വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ തെരഞ്ഞടുപ്പ്വാഗ്ദാനങ്ങളായ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, താലൂക്കാശുപത്രി, മിനി സിവിൽ സ്റ്റേഷൻ, വാഗമൺ റോഡ് വീതി കൂട്ടാനുള്ള കിഫ്ബി ഫണ്ട്, മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മലങ്കര കുടിവെള്ള പദ്ധതി, തേവരു പാറ കുടിവെള്ള പദ്ധതി നവീകരണം, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ്, പൂഞ്ഞാറിൽ പൊലീസ് സ്റ്റേഷൻ, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദീകരിച്ചുള്ള ടൂറിസം ഹബ്ബ്, ഈരാറ്റുപേട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നുള്ള വാഗ്ദാനം തുടങ്ങിയവയിലൊന്നു പോലും നാലരവർഷം പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.