തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച (14-11-2025) പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്.
സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം.സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥി ബധിര-മൂകനായിരിക്കരുത്.സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം.
സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം
ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവർ 2000 രൂപയും, ബ്ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ 4000 രൂപയും, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000 രൂപയുമാണ് നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതിയാകും.സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽകേസുകൾ, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫോറം 2A യിൽ സമർപ്പിക്കണം.
ഒരാൾക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡുകളിൽ നാമനിർദ്ദേശപത്രിക നൽകിയാൽ എല്ലാം നിരസിക്കും. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാവുന്നതാണ്.നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫാറങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും.
നാമനിർദ്ദേശപത്രിക സമർപ്പണം : കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്നുറപ്പ് വരുത്താൻ കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വരണാധികാരികൾക്കും നിർദ്ദേശം നൽകി.നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന സമയത്ത് ഒരു സ്ഥാനാർത്ഥിക്ക് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസിനുള്ളിൽ സ്ഥാനാർത്ഥിയടക്കം 5 പേർ മാത്രമേ പ്രവേശിക്കാവൂ.സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് മത്സരിക്കാം. എന്നാൽ സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും, കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്‌ക്കെടുത്തിട്ടുള്ളവർക്ക് മത്സരിക്കാം.
സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവ്വീസ് സഹകരണസംഘങ്ങൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും.
അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്ക് അയോഗ്യതയുണ്ടാകും.
സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല.









