ന്യൂഡൽഹി: അടുക്കളയില്‍ ചെറിയ തോതില്‍ ആശങ്കയുയര്‍ത്തി വീട്ടാവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഗ്യാസ് ബുക്ക് ചെയ്യുന്ന കാലയളവില്‍ മാറ്റം വരുത്തി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എൽപിജി ബുക്കിങ് കാലയളവ് 21 ൽ നിന്ന് 25 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിതരണത്തിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ മുന്നിൽക്കണ്ടാണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിലിണ്ടറുകൾക്ക് ക്ഷാമം അനുഭവപ്പെടുമെന്ന ഭയത്താൽ ഉപഭോക്താക്കൾ അനാവശ്യമായി ബുക്കിങ് നടത്തുന്നത് ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. കൂടാതെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയും.
അതേസമയം, എൽപിജി വിപണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമീപഭാവിയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ വർധനവുണ്ടാകില്ലെന്നും അറിയിച്ചു. വലിയ ആഘാതം ഏൽക്കാൻ പോകുന്ന വിപണികളിലൊന്ന് എൽപിജി എന്ന തരത്തിൽ വാർത്തകള്‍ സജീവമായതിന് പിന്നാലെയാണ് ഔദ്യോഗികമായി വ്യക്തത വന്നിരിക്കുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിൻ്റെ 65 ശതമാനവും മധ്യേഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സാഹചര്യമാണ് ആശങ്ക സൃഷ്‌ടിച്ചത്.
എന്നാൽ അൾജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി എൽപിജി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർധിപ്പിക്കാനും സർക്കാർ റിഫൈനറികൾക്ക് ഉത്തരവിട്ടു. ഇതിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണന.









