പാലാ:- അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിൽ ആഴ്ത്തിയ കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫിനെ അധികാരത്തിലേറ്റുന്ന ജനത പാലായിൽ മാണി സി. കാപ്പന് റിക്കാർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതു യുഗയാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
10വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ഇടതു ഭരണം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മേഖലകളെ തകർത്തു തരിപ്പിണമാക്കി. കർഷകരും തൊഴിലാളികളും ജീവിക്കാൻ നിർവാഹമില്ലാതെ വലയുമ്പോൾ കൊള്ളയടിക്കാനുള്ള മാർഗം അന്വേഷിക്കുന്ന എൽ.ഡി.എഫ് ശബരിമല അയ്യപ്പനെപ്പോലും വെറുതെ വിട്ടില്ല.
വർഗീയതക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമ്പോൾ ടീം യു.ഡി.എഫിന്റെ നടുനായകസ്ഥാനത്ത് പാലാക്കാരുടെ എം.എൽ.എ ഉണ്ടാകുമെന്ന് ജനസാഗരത്തെ സാക്ഷി നിർത്തി വി ഡി സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ഭരണത്തിൽ ആരംഭിച്ചതും ഇടതു ഭരണത്തിൽ മുടക്കിയിട്ടിരിക്കുന്നതുമായ പാലായുടെ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും മെനക്കടേണ്ടതില്ലെന്നും മാണി സി. കാപ്പനും നഗരസഭാദ്ധ്യക്ഷ ദിയ ബിനുവും യു.ഡി.എഫ് സംരക്ഷണ വലയത്തിൽ സുരക്ഷിതരായിരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
വികസനം മുടക്കുന്നവർ നടത്തുന്ന വികസനയാത്രയെ ജനം പുച്ഛിച്ചുതള്ളുന്നതിന്റെ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി. കാപ്പൻ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ജോസ് കെ. മാണിയുടെയും കൂട്ടരുടെയും ഉപദ്രവങ്ങൾക്കിടയിലും 241 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയെന്ന് കാപ്പൻ പറഞ്ഞു. ആറര വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ വികസന സാക്ഷ്യപത്രം വി.ഡി.സതീശൻ പ്രകാശനം ചെയ്തു. കുരിശുപള്ളി കവലയിൽ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ വി.ഡി.സതീശനെയും ജാഥാംഗങ്ങളെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ച് നേർച്ചയിട്ടാണ് ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തുറന്ന വാഹനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഡീൻ കുര്യാക്കോസ് എം.പി, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, അസീസ് ബഡായി ,നഗരസഭാദ്ധ്യക്ഷ ദിയ ബിനു എന്നവരോടൊപ്പം ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിയപ്പോൾ സദസിൽ നിരത്തിയിരുന്ന കസേരകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. പട്ടണം ഈ അടുത്ത കാലത്ത് ദർശിച്ചതിൽ ഏറ്റവും വലിയ ജനക്കൂട്ടം പുതു യുഗ യാത്രയെ സ്വീകരിക്കാൻ എത്തിയത് മാണി സി കാപ്പന്റെ സംഘാടക മികവിനും യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിനും തെളിവാണെന്ന് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും പറഞ്ഞു.









