പ്രാദേശികം

പൂഞ്ഞാർ പിടിക്കാൻ യുഡിഎഫ്; മണ്ഡലത്തിലുടനീളം ഇന്ന് 'മാസ് സ്ക്വാഡ്' പര്യടനം

പൂഞ്ഞാർ: പൂഞ്ഞാർ പിടിക്കാനുറച്ച്  ‘മാസ് സ്ക്വാഡു’മായി യുഡിഎഫ്. മണ്ഡലത്തിലെ വോട്ടർമാരെ ഒരേ സമയം നേരിൽകാണാനുള്ള വിപുലമായ പദ്ധതിയുമായാണ് യു.ഡി.എഫ് രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ വിജയത്തിനായി ഇന്ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനിടക്ക് മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തി വോട്ടഭ്യർഥിക്കുകയെന്ന ബൃഹദ് പ്രചാരണ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

പതിനായിരത്തിലേറെ പ്രവർത്തകർ വോട്ടർമാരിലേക്ക് വോട്ടഭ്യർഥനയുമായി ഇന്ന് രംഗത്തിറങ്ങുന്നത്. മണ്ഡലത്തിലെ 218 ബൂത്തുകളിലായി ഏകദേശം 10,900 പ്രവർത്തകരാണ് ഇന്ന് പ്രചാരണ രംഗത്ത് സജീവമാകുന്നത്. വർഷങ്ങളായി കൈവിട്ടുപോയ പൂഞ്ഞാർ മണ്ഡലം ഇത്തവണ അഡ്വ. സെബാസ്റ്റ്യൻ എം.ജെയിലൂടെ എങ്ങനേയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുന്നണിക്കുള്ള മേധാവിത്വവും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂലമാണെന്ന് അവർ അവകാശപ്പെടുന്നു.