ഈരാറ്റുപേട്ട. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സമഗ്ര വിദ്യാഭ്യാസ മികവിലേക്കുള്ള പുതിയ ചുവടുവെപ്പായി ‘ വിഷൻ 2029’ എന്ന സ്കൂൾ പരിവർത്തന പദ്ധതിക്ക് 2026 ജൂലൈ 25 ശനിയാഴ്ച തുടക്കം കുറിക്കുന്നു.
1964-ൽ സ്ഥാപിതമായ എം.ജി.എച്ച്.എസ്.എസ്. ഇന്ന് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥി ശക്തിയിൽ ഏറ്റവും വലിയ ഹയർ സെക്കൻഡറി സ്കൂളും അക്കാദമിക നേട്ടങ്ങളിൽ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നുമാണ്. 1,800-ലധികം വിദ്യാർത്ഥികൾ, മികച്ച വിജയശതമാനം, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, സമർപ്പിതരായ അധ്യാപകർ, ശക്തമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പാരമ്പര്യം എന്നിവയാണ് സ്കൂളിന്റെ കരുത്ത്. സഹവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതോടെ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്.
വേഗത്തിൽ മാറുന്ന ആഗോള സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരീക്ഷാവിജയത്തിൽ മാത്രം ഒതുങ്ങാതെ നേതൃത്വശേഷി, ആശയവിനിമയ വൈദഗ്ധ്യം, ഡിജിറ്റൽ പ്രാവീണ്യം, പരിസ്ഥിതി ഉത്തരവാദിത്തം, സാമൂഹിക പ്രതിബദ്ധത, നവീകരണ മനോഭാവം, ആഗോള സജ്ജത എന്നിവയോടെ വളരേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് വിഷൻ 2029 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2029-ഓടെ എം.ജി.എച്ച്.എസ്.എസ്. നെ കേരളത്തിലെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാക്കി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ. ശനിയാഴ്ച രാവിലെ 9-30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിക്കും. മുൻ ഹയർ സെക്കന്ററി വകുപ്പ് ഡയറക്ടർ കെ. സുരേഷ് കുമാർ, ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. വിഷൻ 2029 ചെയർമാൻ ഡോ. എം. എ. മുഹമ്മദ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുസ്ലിം എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം. കെ. ഫരീദ് ഉദ്ഘാടന സന്ദേശം നൽകും. സ്കൂൾ മാനേജർ എം. കെ. അൻസാരി വിഷൻ പദ്ധതിയുടെ സമഗ്ര അവതരണം നടത്തും. രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ട്രെയിനിങ് സെഷൻജോർജ് കരുണക്കൽ നയിക്കും. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിദഗ്ധർ, സമൂഹം എന്നിവരുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് ഈ ദീർഘകാല വിദ്യാഭ്യാസ പരിവർത്തന സംരംഭം നടപ്പാക്കുന്നത്. മികവ് ഒരു ലക്ഷ്യം മാത്രമല്ല, വിദ്യാലയത്തിന്റെ സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിഷൻ 2029 കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാനേജർ എം.കെ. അൻസാരി പറഞ്ഞു.






.webp)


