കേരളം

വേനല്‍ കാലത്തെ തീപിടുത്തം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടുത്തങ്ങള്‍മൂലം നിരവധി പേരാണ് പൊള്ളലേറ്റ് ചികിത്സ തേടുന്നത്. അല്‍പ്പം ശ്രദ്ധിച്ചാല്‍ പല തീപിടുത്തങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തമുണ്ടാകാതെയും പൊള്ളലേല്‍ക്കാതെയും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൂട് കാലമായതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നൊക്കെ തീപിടുത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും തീപിടുത്തമുണ്ടാകാതെ ശ്രദ്ധിക്കണം. തീപിടുത്തമുണ്ടായാല്‍ ചുവടെ നല്‍കിയിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· തീപിടുത്തമുണ്ടായാല്‍ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്.
· പ്രഥമ ശ്രുശ്രൂഷ നല്‍കി ചികിത്സ തേടണം.
· തീ കൂടുതല്‍ പടരുമെന്നതിനാല്‍ പരിഭ്രമിച്ച് ഓടരുത്.
· തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക.
· അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും.
· അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ കുമിളകള്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്.
· നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍, ടൂത്ത്പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്.
· പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാന്‍ഡേജോ ഒട്ടിക്കരുത്.
· വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം.
· ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിര ചികിത്സ വേണ്ടിവരും.
· സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.