കോട്ടയം

മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

മുണ്ടക്കയം: മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. നിലവിൽ വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് 7 കിലോമീറ്റർ പൂർത്തീകരിച്ചാണ് മുണ്ടക്കയം- വാഗമൺ റോഡ് നിർമ്മിക്കുന്നത്. ഇതിനായി 2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ 12 കോടി രൂപയും 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപയും വകയിരുത്തിയിരുന്നു. ഇപ്രകാരം ലഭ്യമായ 17 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത്.

റോഡ് നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇളംകാട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. 

ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി മുണ്ടക്കയത്തു നിന്നും 22 കിലോമീറ്റർ മാത്രം സഞ്ചരിച്ച് വിനോദ സഞ്ചാരികൾക്ക് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. കൂടാതെ വാഗമൺ മലനിരകളുടെ ഇനിയും സഞ്ചാരികൾ കാര്യമായി കടന്നു ചെന്നിട്ടില്ലാത്ത പുതിയ പ്രദേശങ്ങളിലൂടെ ഈറോഡ് കടന്നുപോകുന്നു എന്നുള്ളത് വാഗമണ്ണിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും റോഡ് നടന്നുപോകുന്ന ഒറ്റമരം, കോലാഹലമേട്, തങ്ങൾപാറ തുടങ്ങിയ പ്രദേശങ്ങളുടെ എല്ലാം സമഗ്രമായ വികസനത്തിനും ഉപകരിക്കും. ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമി ഉള്ളതിനാൽ ടൂറിസം അധിഷ്ഠിതവും, മറ്റിതരവുമായ നിരവധിയായ പുതിയ സംരംഭങ്ങളും പ്രസ്ഥാനങ്ങളും സർക്കാർ ഉടമസ്ഥതയിൽ തന്നെ ആരംഭിക്കുന്നതിനും കഴിയും. ഇപ്പോൾ തന്നെ ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇളങ്കാട് കേന്ദ്രീകരിച്ചും, കോലാഹലമേട് കേന്ദ്രീകരിച്ചും പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്. കൂടാതെ ഭാവിയിൽ എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ ദേശീയ- അന്താരാഷ്ട്ര തലങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് 36 കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇതുവഴി വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളതും ഭാവിയിൽ വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ പൊതുവായ വികസനത്തിനും, പ്രത്യേകമായി മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിക്കും ഈ പാത ഉപകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.