പ്രാദേശികം

നഗരസഭ ഉപതെരഞ്ഞെടുപ്പ്; കുഴിവേലിയിൽ കളം മുറുകുന്നു

ഈരാറ്റുപേട്ട : കുഴിവേലി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കളം സജീവമാക്കി മുന്നണികൾ . യു ഡി എഫ് , എൽ ഡി എഫ് മുന്നണികൾക്ക് പുറമേ എസ് ഡി പി ഐ യും മത്സര രംഗത്തുണ്ട്.യു ഡി എഫിനായി മുസ്ലിം ലീഗിലെ റൂബിന നാസർ, എൽ ഡി എഫിനായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈല റഫീക്ക് എസ് ഡി പി ഐയുടെ തസ്നിം അനസ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

പരമ്പരാഗത യു ഡി എഫ് സീറ്റായ കുഴിവേലി ഇത്തവണയും നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്. ഇതിനായി മുമ്പ് രണ്ട് വട്ടം വാർഡിനെ പ്രതിനിധീകരിച്ച അഡ്വ വി പി നാസറിൻ്റെ ഭാര്യ റൂബിനയെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. നാസറിൻ്റെ ബന്ധങ്ങളും അനുഭവ പരിചയങ്ങളും സ്ഥാനാർത്ഥിക്ക് മുതൽകൂട്ടാവുമെന്നും വൻഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തുമെന്നും യു ഡി എഫ് നേതാക്കൾ പറയുന്നു. അതേസമയം, പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഇക്കുറി കുഴിവേലി സീറ്റ് പിടിച്ചെടുക്കുമെന്നും എൽ ഡി എഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നു. ഇൻഡ്യൻ നാഷണൽ ലീഗ് കോട്ടയം ജില്ലാ സെക്രട്ടറി പി എസ് റഫീക്കിൻ്റെ ഭാര്യ ഷൈലയെയാണ് എൽ ഡി എഫ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒറ്റക്കു നിന്നു പിടിച്ച119 വോട്ടിൻ്റെ ആത്മവിശ്വാസത്തിലാണ് എസ് ഡി പി ഐ സ്ഥാനാർത്ഥി തസ്നി അനസ്. ഇക്കുറി വാർഡ് പിടിച്ചെടുക്കുമെന്നാണ് എസ് ഡി പി ഐ അവകാശവാദം. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ മൂന്ന് മുന്നണികളുടെയും പ്രചാരണം ശക്തമായി.