പ്രാദേശികം

അക്യുപങ്ചർ ചികിൽസാ രീതിയുടെ പ്രാധാന്യം വർദ്ധിക്കുന്നു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട: ആരോഗ്യ കേരളത്തിന് അക്യുപങ്ചറിൻ്റെ കൈതാങ് - 'സനാഷ്യയോ 25' എന്ന സന്ദേശത്തിൽ അക്യുപങ്ചർ ഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ കാംപയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

ആധുനിക മെഡിക്കൽ സംവിധാനങ്ങളിൽ ഗുണത്തോടൊപ്പം ദോഷവും ഉണ്ടായി കൊണ്ടിരിക്കുകയാണ്. മരുന്നുകൾ, ചികിത്സകൾ എന്നിവ വ്യാപാര വസ്തുവായി മാറിയിരിക്കുന്നു. ഇത് ചികിത്സയുടെ ചെലവ് വർദ്ധിപ്പിക്കുകയും, പലർക്കും അത് ലഭ്യമാക്കുകയെന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. പല മരുന്നുകളും ചികിത്സകളും ഗുണത്തോടൊപ്പം പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. ചിലപ്പോൾ ഈ പാർശ്വഫലങ്ങൾ പ്രധാന രോഗത്തേക്കാൾ കൂടുതൽ ഗുരുതരമാക്കുന്ന സാഹചര്യമുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ അക്യുപങ്ചർ ചികിൽസാ രീതിയുടെ പ്രാധാന്യം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരുവിധ പാർശ്വഫലങ്ങളില്ലാത്ത അക്യൂപങ്ചർ ചികിൽസാരീതി കൂടുതൽ ഫലപ്രദമാണെന്നും അതിന് എല്ലാ വിധ പിന്തുണ നൽകുന്നതായും ഗവൺമെൻ്റ് തല ഇടപെടലുകൾ നടത്തുന്നതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

എ എഫ് കെ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹ്സിന അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ്  ഉമർ ഗുരുക്കൾ കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ അബ്ദുൽ ലത്തീഫ്, എഎഫ് കെ കോട്ടയം ജില്ല പ്രസിഡൻ്റ് ഷാജഹാൻ പൊൻകുന്നം, സെക്രട്ടറി റഫീക്ക ദിലീപ്,അബൂബക്കർ മാസ്റ്റർ,ജസീൽ കണ്ണൂർഎന്നിവർ സംസാരിച്ചു.കേരളത്തിലെ വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ബ്ലഡ് പ്രഷർ, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവയിൽ സൗജന്യ ചികിത്സാക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, വ്യായാമ പരിശീലന ക്യാമ്പുകൾ, പാചകകളരി, ലഘുലേഖ വിതരണം, കുടുംബസദസ്സുകൾ തുടങ്ങിയ പരിപാടികളാണ് കാംപയിനിൽ നടത്താൻ ഉദ്ദേശിക്കുന്നത്. കാംപയിനിൻ്റെ ലോഗോ പ്രകാശനവും എം എൽ എ നിർവഹിച്ചു.