ഈരാറ്റുപേട്ട: ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യംകൊണ്ട് പൊരുതി തോൽപിക്കുകയാണ് നടയ്ക്കൽ കാട്ടാമലയിൽ കൊച്ചുമുഹമ്മദിന്റെയും ഷാമിലയുടെയും ഇളയമകൻ മുഹമ്മദ് നിജാസ്. കേൾക്കാനും സംസാരിക്കാനും കഴിയാതെയാണ് ജനിച്ചതെങ്കിലും വിധിയെ പഴിച്ച് ഒതുങ്ങി കൂടുകയല്ല. പകരം ജീവിതത്തിൽ പൊരുതി ജയിക്കുകയായിരുന്നു. ജന്മനാ കേൾവിയും സംസാരവും ഇല്ലെങ്കിലും ദൈനംദിന ജീവിതം സാധാരണക്കാരുടേത് പോലെയായിരുന്നുവെന്ന് മാതാവ് ഷാമില ഓർക്കുന്നു.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി. നീർപ്പാറ അസീസി മൗണ്ട് ഹയർ സെക്കൻഡ റി സ്പെഷൽ സ്കൂളിലായിരുന്നു ഒന്നുമുതൽ ഏഴുവരെ പഠനം. തുടർന്ന് റഹ്മാനിയ എച്ച്. എസ്.എസ് ഫോർ ഹാൻഡികാപ്‌ഡ് സ്കൂളിൽനിന്ന് ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പൂർത്തിയായി
രണ്ടു വർഷം മെഡിക്കൽ ലാബ് ടെക്നീഷൻ കോഴ്‌സിന് ചേർന്നു. കോഴ്‌സ് കഴിഞ്ഞതോടെ കോഴിക്കോട് മെ ഡിക്കൽ കോളജിൽ താൽക്കാലിക നിയമനം ലഭിച്ചു. ഇതൊക്കെ ചെയ്യുമ്പോഴും ഉള്ളിൽ കാത്തുസൂക്ഷിച്ച ആഗ്രഹം സിവിൽ എൻജിനീയറാകുക എന്നതായിരുന്നു. ഒട്ടും മടിച്ചു നിൽക്കാതെ തൻ്റെ ആഗ്രഹപൂർത്തീകരണത്തിന് ശ്രമിച്ചു. കളമശ്ശേരി പോളിടെക്നിക്കിൽനിന്ന് സിവിൽ എൻജിനീയറിങ് ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട് ജോലിക്കുള്ള അന്വേഷണമായി. കൊച്ചി കോർപറേഷനിൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക ജോലി ലഭിച്ചു. അതിനിടെ പാലാ താലൂക്ക് ഓഫിസിൽ ഡിജിറ്റൽ സർവേയിൽ ജോ ലിക്ക് അപേക്ഷിച്ചു. താമസിയാതെ താലൂക്കിൽ ജോലി തരപ്പെട്ടു. പൂഞ്ഞാർ വില്ലേജിൽ ഡിജിറ്റൽ സർവേക്കായി നിയമിച്ചു. ചുരുങ്ങിയ നാൾകൊണ്ട് ദൗത്യം പുർത്തിയാക്കി
അടുത്ത മേഖലയിലേക്ക് എത്തി. ഇപ്പോൾ എരുമേലി തെ ക്കിൽ ഡിജിറ്റൽ സർവേയറാണ്. ഡിജിറ്റൽ സർവേ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യാൻ അസാമാന്യ കഴിവാണ് നിജാസിന്. ആംഗ്യഭാഷ യിൽ എങ്ങനെ കാര്യങ്ങൾ പറയും എന്ന ആശങ്ക വേണ്ട, ഏക്കർ കണക്കിന് ഭൂമിയു ണ്ടെങ്കിലും അതിരുകൾ കാണിച്ചുകൊടുത്ത് കരമടച്ച രസീതും നൽകിയാൽ ചുരുങ്ങിയ സമയങ്ങൾക്കകം അളന്നുതിരിച്ച് കൈയിൽ കൊടുക്കും. ഡ്രൈവ് ചെയ്ത് സ്വന്തം കാ റിലാണ് യാത്രകൾ. സ്ഥിരം ജോലി തരപ്പെടുത്തി എടുക്കാനുള്ള പരിശ്രമത്തിലാണ് നിജാസ്. ജോലി കഴിഞ്ഞെത്തിയാലും വിശ്രമമില്ല. മാതാവ് നടത്തുന്ന ഹോട്ടലിൽ സഹായിക്കാൻ ഉണ്ടാകും. തന്റെ ഉയർച്ചയുടെ കാരണം മാതാ പിതാക്കളുടെ പിന്തുണയാണെ ന്നാണ് നിജാസിൻ്റെ വിശ്വാസം.









