കേരളം

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു.

ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.