കേരളം

വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം

പതിനാറാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. നാളെ പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണമായിരിക്കും. വ്യാഴാഴ്ച വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി ആരെ വാഴ്ത്തണമെന്ന വിധിയെഴുതും. പിന്നെ നീണ്ട കാത്തിരിപ്പാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ.

പ്രഖ്യാപനം വന്ന് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനാൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മുൻകാലങ്ങളിൽ ലഭിച്ചത്ര സമയം ഇത്തവണ പ്രചാരണത്തിന് കിട്ടിയിട്ടില്ല. മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളും പ്രചാരണ ഗോദയിൽ നിറഞ്ഞു. സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, എസ്.ഡി.പി.ഐ ബന്ധം, ശബരിമല സ്വർണക്കൊള്ള, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയവ യു.ഡി.എഫ് ആയുധമാക്കി. എന്നാൽ വികസനവും ക്ഷേമവും പറഞ്ഞാണ് എൽ.ഡി.എഫ് തുടങ്ങിയത്. യു.ഡി.എഫ് ഭരണകാലത്തെ ഇരുണ്ടകാലമെന്നും അത് തിരിച്ചുവരരുത് എന്നുമുള്ള പ്രചാരണവും എൽ.ഡി.എഫ് നടത്തി. വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിന്റെ കണക്ക് പുറത്തുവിടാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഇടതുമുന്നണി ആയുധമാക്കി.