കോട്ടയം

കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി

പാലാ : കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. ഭാരത് ഗ്യാസ് കമ്പനിയുടെ അടൂർ ശ്രീകൃഷ്ണ ഏജൻസിയുടെ വാഹനത്തിൽ ഏജൻസി പരധിക്ക് പുറത്ത്  വിതരണം നടത്തിവന്ന 28 നിറ വാണിജ്യ സിലിണ്ടറുകളും 29 കാലി സിലിണ്ടറുകളുമാണ് വാഹനം സഹിതം പിടികൂടിയത്.

എജൻസി വാഹന ഡ്രൈവർ അടൂർ സ്വദേശി ദിലിപ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ പന്തളം സ്വദേശി സുധി, എന്നിവരെ പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 
ഇന്നലെ വൈകിട്ട് എഴിന് വള്ളിച്ചിറ ചെറുകര പള്ളിക്ക് മുന്നിൽ വാഹനത്തിൽ നിന്ന് സിലിണ്ടർ കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ചെത്തിപ്പുഴ, കൂത്താട്ടുകുളം, പാലാ അരുണാപുരം എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ ഇൻവോയ്സുകളും പിടികൂടിയതായി മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ സിന്ധുമോൾ അറിയിച്ചു.  ഇവർക്കൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ സാം മൈക്കിൾ, അജി ചെറിയാൻ എന്നിവരും പാലാ പൊലീസ് സ്റ്റേഷനിൽ എത്തി മഹസർ തയ്യാറാക്കി സിലിണ്ടറുകൾ കസ്റ്റഡിയിൽ എടുത്തു.

സിലിണ്ടർ കടത്തിക്കൊണ്ടുവന്ന  407 മിനി വാനും ജീവനക്കാരെയും പൊലീസിന് കൈമാറി. സംഭവം സംബന്ധിച്ച് മഹസർ ഉൾപ്പെടെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി സപ്ലൈ ഓഫീസർ അറിയിച്ചു.കൂത്താട്ടുകുളം ഭാഗത്തുൾപ്പെടെ വിതരണം ചെയ്ത ശേഷം സംഘം പാലായിലേക്ക് വരുവഴിയാണ് കുടുങ്ങിയത്. 1890 രൂപ വിലയുള്ള 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾ 3000ന് മേൽ രൂപ വില ഈടാക്കിയാണ് ഏജൻസി പരിധിക്ക് പുറത്ത് കരിഞ്ചന്തയിൽ വിതരണം ചെയ്തു വരുന്നതെന്ന് പറയുന്നു. കൂത്താട്ടുകുളത്ത് അനധികൃത ഗ്യാസ് വിതരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട തൊടുപുഴയിലെ മറ്റൊരു സ്വകാര്യ ഏജൻസി അധികൃതർ ഇവരെ പിന്തുടർന്ന് വരുന്നതിനിടെയാണ് ചെറുകരയിൽ ഡൊമസ്റ്റിക് വിതരണം നടത്തുന്നതിനിടെ സംഘത്തെ തടഞ്ഞ് പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു.