കേരളം

വർധിപ്പിച്ച ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ; ഒരാൾക്ക്‌ 3600 രൂപവീതം ലഭിക്കും

തിരുവനന്തപുരം :സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.

നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്ത് തീർക്കും. ഇതിനായി 1864 കോടി രൂപ ഒക്ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു.

ഈ നവംബറിൽത്തന്നെ മുൻ കുടിശ്ശികയും ഒപ്പം ഈ മാസത്തെ 2000 രൂപയുമുൾപ്പെടെ3600 രൂപ 63,77,935 ഗുണഭോക്താക്കൾക്ക് ഒരുമിച്ച് ലഭിക്കും. കഴിഞ്ഞ മാർച്ച് മുതൽ അതത് മാസം പെൻഷൻ വിതരണംചെയ്യുന്നുണ്ട്.ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും.