കോട്ടയം

പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇനി പുത്തൻ ശോഭയിൽ

പൊൻകുന്നം: ഹൈറേഞ്ചിന്റെ കവാടമായ പൊൻകുന്നത്തിന്റെ മണ്ണിൽ അത്യാധുനിക വാസ്തുശൈലിയിൽ പുനർനിർമ്മിച്ച മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിക്കപ്പെട്ടു. തിരുവനന്തപുരം പാളയം മസ്ജിദ് ഇമാം ഡോക്ടർ വി.പി. ശുഹൈബ് മൗലവി മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തോടെ റോഡ് നിരപ്പ് ഉയർന്ന സാഹചര്യത്തിൽ, വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രയാസമില്ലാതെ നേരിട്ട് മസ്ജിദിലേക്ക് പ്രവേശിക്കാൻ കഴിയുന്ന വിധമാണ് പുതിയ സ്ട്രക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

​ഹിദായത് ജുനൈദ് അൽ ഖാസിമിയുടെ ഖിറാഅതോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ്, ആന്റോ ആന്റണി എം.പി. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പൊൻകുന്നം ഹോളി ഫാമിലി ചർച്ച് വികാരി റവ. ഫാ. തോമസ് പൂവത്തിക്കുന്നേൽ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

 

​മസ്ജിദ് ഇമാമീങ്ങളായ അൽ ഹാഫിസ് സക്കീർ ഹുസൈൻ അൽ ഖാസിമി, ഉസ്താദ് അബ്ദുൽ സലാം മൗലവി എന്നിവർക്കൊപ്പം കോയിപ്പള്ളി മദീന മസ്ജിദ് ഇമാം മൻസൂർ ഹാദി, ഇരുപതാം മൈൽ തഖ്‌വാ മസ്ജിദ് ഇമാം ഹിദായത്തുള്ള അൽ ഖാസിമി, കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ. അബ്ദുൽ സലാം പാറക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിലവിൽ മസ്ജിദിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന അഡ്ഹോക് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

​മിനിമലിസ്റ്റിക് ഡിസൈനിലുള്ള മിനാരങ്ങളും മനോഹരമായ താഴികക്കുടങ്ങളും വിശാലമായ മുൻഭാഗവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ആധുനിക നിർമ്മാണ രീതി നാടിന് പുതിയൊരു ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ആരാധനകൾക്കായി കൂടുതൽ സൗകര്യപ്രദമായ ഇടമായി മസ്ജിദ് മാറി