ഈരാറ്റുപേട്ട: കുട്ടികളിൽ ശുചിത്വാവബോധം വർധിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കായി ഈരാറ്റുപേട്ട നഗരസഭയും സംസ്ഥാന ശുചിത്വ മിഷനും സംസ്ഥാന മാലിന്യ നിർമാർജന പ്രൊജക്ടും സംയുക്തമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ കൂടിച്ചേരലും സംഘടിപ്പിച്ചു.
ആനിയിളപ്പിലെ തീക്കോയി ടെക്നിക്കൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈന നടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുബൈർ വെള്ളാപ്പള്ളി, ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് ഇൻചാർജ് രാജൻ, ഹെഡ് ക്ലർക്ക് പ്രദീപ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാസ് പാലയംപറമ്പിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികളുടെ തങ്ങളുടെ പ്രൊജക്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.









