ഈരാറ്റുപേട്ട: മനുഷ്യരെ വിഭജിച്ച് വെറുപ്പ് വിതയ്ക്കുന്ന പ്രവണതകളെ ഖുർആൻ ശക്തമായി എതിർക്കുന്നു; പരസ്പര സ്നേഹത്തിനും മനുഷ്യരെയെല്ലാം ആദരിക്കാനും അത് പ്രചോദനം നൽകുന്നു," എന്ന് വെളിച്ചം ഖുർആൻ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.
നടയ്ക്കൽ ബറകത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം രാവിലെ ഹിഫ്ള് മത്സരത്തോടെ ആരംഭിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സെഷനിൽ കെ.എൻ.എം മർകസുദ്ദഅവയുടെ ജനറൽ സെക്രട്ടറി എം. അഹമദ്കുട്ടി മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. സി.എം. മൗലവി മുഖ്യപ്രഭാഷണം നടത്തി. പുസ്തക പ്രകാശനം മുഹമ്മദ് സക്കീർ നിർവഹിച്ചു.
വിവിധ വിഷയങ്ങളിലുള്ള പഠനസമ്മേളനത്തിൽ കെ.എൻ. സുലൈമാൻ മദനി, സൽമ അൻവാരിയ, നൗഷാദ് കാക്കവയൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാന്തര വേദിയിൽ ബാലസംഗമവും നടന്നു. ഉച്ചതിരിഞ്ഞ് നടന്ന മെഗാ ക്വിസ് പ്രേക്ഷകരെ ആകർഷിച്ചു.
സമാപനസമ്മേളനം ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. വെളിച്ചം ഇരുപത്തിയൊന്നാം ഘട്ടം സുഹ്റ അബ്ദുൽഖാദർ ലോഞ്ച് ചെയ്തു. ബാലവെളിച്ചം ടി.പി. ഹുസൈൻകോയ പ്രകാശനം ചെയ്തു. വിവിധ പുരസ്കാരങ്ങളും സംഗമത്തിൽ വിതരണം ചെയ്തു.









