പ്രാദേശികം

മൂന്നിലവ് ടൗണിനെ പ്രളയ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ മീനച്ചിൽ ആറ്റിലെ തുരുത്തും ചെക്ക് ഡാമും നീക്കം ചെയ്യുക; സിപിഐ

ഈരാറ്റുപേട്ട: കഴിഞ്ഞ വർഷത്തിലെ അതിത്രീവ മഴയിലും ഉരുൾപൊട്ടലിലും മൂന്നിലവ് ടൗണും പരിസരപ്രദേശങ്ങളും നിയന്ത്രണാതിതമായ പ്രളയ ജലത്തിൽ മുങ്ങി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ തുടർച്ചയായുള്ള വെള്ളംകയറലിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്.

സാമ്പത്തികമായി തകർന്നു നിൽക്കുന്ന കച്ചവടക്കാർക്ക് പിടിച്ചുനിൽക്കാൻ ആവാത്ത സ്ഥിതിയാണുള്ളത്. ഇവരെ നിലനിർത്താൻ മറ്റു പലതിനും ഭേദഗതികൾ കൊണ്ടുവരുന്ന നിയമസഭയും അധികാരികളും ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവന്ന് കച്ചവടക്കാർക്ക് ഉണ്ടായിട്ടുള്ള നഷ്ടത്തിന് അനുപാതികമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് സഖാവ് ടി ജെ സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ സിപിഐ മൂന്നിലവ് ലോക്കൽ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സമീപനാളുകളിലായി ഉണ്ടാകുന്ന മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് കാരണമായി ടൗൺ ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ടിട്ടുള്ള വലിയ മൺ തുരുത്തും അതിലെ ഇല്ലിക്കൂട്ടങ്ങളും വൃക്ഷങ്ങളും അടിയന്തരമായി നീക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അശാസ്ത്രീയമായ മൂന്നിലവ് ടൗണിന്റെ നടുഭാഗത്ത് നിർമ്മിച്ചു വച്ചിരിക്കുന്ന ചെക്ക് ഡാം പൊളിച്ച് നീക്കി നാടിനെ രക്ഷിക്കണമെന്നും കമ്മറ്റി പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.  

മേച്ചാല്‍ വാളകം ഭാഗത്ത് നിരങ്ങി നീങ്ങി വന്ന് വൃക്ഷത്തിൽ തങ്ങിനിൽക്കുന്ന വലിയ പാറക്കല്ല് അടിയന്തരമായി പൊട്ടിച്ചു നീക്കി താഴ്വാവാ രത്ത് അപകടമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ ദുരന്തത്തിൽ നിന്നും രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി മനോജ് കുമാർ പി ആർ. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ എം ജി ശേഖരനും അവതരിപ്പിച്ചു. ഷിബി സാമുവൽ.കെ പി ഭവനപ്പൻ.എൻ ജെ ബിജു..മിനിമോൾ ജോയ്.ജോസ് എൻ.ജെ  എന്നിവർ പ്രസംഗിച്ചു.