പൂഞ്ഞാർ: ബാങ്ക് ഭരണാധികാരികളും യു.ഡി.എഫ് നേതാക്കന്മാരും ജീവനക്കാരും ചേർന്ന് ഏഴ് വർഷങ്ങൾക്കു മുമ്പ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ.
നിക്ഷേപകരുടെ പണം കട്ട് മാറ്റി കൊണ്ടുപോയതാണ്. പണം ലഭിക്കേണ്ടവർ ഇന്നും നിസ്സഹായരായി പെരുവഴിയിൽ നിൽക്കുന്നു. സഹകരണ ബാങ്കുകളിൽ ജനങ്ങൾ വിശ്വസിച്ചിട്ട പണം തട്ടിപ്പ് നടത്തിയും ഇഷ്ടക്കാരായ അനർഹർക്ക് പരിധിവിട്ട് വായ്പ കൊടുത്ത് ബാങ്ക് തകർക്കുകയും ചെയ്ത കുറ്റവാളികളായ കള്ളന്മാരെ മോഷണക്കുറ്റം ചുമത്തി കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടി വിറ്റ് ജനങ്ങളുടെ പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കാത്തത് ആരാണ് തടസ്സമെന്ന് അധികാരികൾ ഉത്തരം പറയണം. മൂന്നിലവ് സഹകരണ ബാങ്കിലെ എൽ.ഡി.എഫ് ഭരണസമിതി എടുത്ത നടപടികൾ എങ്കിലും പൂഞ്ഞാറിൽ എടുക്കാൻ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. കർശന നടപടികൾ കള്ളന്മാരായ കുറ്റവാളികൾക്കെതിരെ സ്വീകരിച്ചേ പറ്റൂ. ജനങ്ങൾ സത്യങ്ങളും കള്ളന്മാരെയും തിരിച്ചറിയട്ടെ. മാന്യന്മാരുടെ മുഖംമൂടി മാറ്റി ജനങ്ങളെ കാണിക്കണം -എം.ജി. ശേഖരൻ ആവശ്യപ്പെട്ടു.









