കോട്ടയം

സി.ബി.എസ്.ഇ സഹോദയ കലോത്സവം: ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട: ചങ്ങനാശ്ശേരിയിൽ നടന്ന കോട്ടയം ജില്ലാ സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം. മൂന്നു കാറ്റഗറികളിലായി 52 കുട്ടികൾ 77 സ്കൂളുകളുമായി മാറ്റുരച്ച മത്സരത്തിൽ മിന്നും വിജയം നേടി അൽമനാർ ചരിത്രം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു.

പങ്കെടുത്ത 60 ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളടക്കം 36 എ ഗ്രേഡും, 17 ബി ഗ്രേഡും 5 സി ഗ്രേഡും നേടി കാറ്റഗറി ഒന്നിലും സെക്കന്ററി ലെവലിലും അൽമനാർ സെക്കന്റ് റണ്ണറപ്പ് സ്ഥാനം നേടി.മൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി.ജനപ്രിയ ഇനമായ ഒപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സ്കൂളിന് കഴിഞ്ഞതായി സ്കൂൾ അധികൃതർ അറിയിച്ചു.ഉന്നത വിജയം നേടിയ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജ്മെന്റ് കമ്മിറ്റിയും പി.ടി.എയും അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ്, സെക്രട്ടറി സക്കീർ കറുകാഞ്ചേരി, പ്രിൻസിപ്പൽ റസിയ ടീച്ചർ, വൈസ് പ്രിൻസിപ്പൽ മിനി ടീച്ചർ, ഷാനവാസ് പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.