തിരുവനന്തപുരം: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി വിഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി, രണ്ടാം മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗികം അല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെയാണ് നീട്ടിയത്. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകിയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആദ്യ മന്ത്രിസഭായോഗത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനും ആശാവർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിക്കാനും വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തുടങ്ങാനും തീരുമാനിച്ചിരുന്നു, ഇതിന് പിന്നാലെയാണ് രണ്ടാംമന്ത്രിസഭയിലെ പുതിയ ജനപ്രിയ തീരുമാനങ്ങൾ.









