പ്രാദേശികം

സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

തിടനാട് : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ച് പുതുതായി രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ടു കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇവ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 21.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കോഴ്സുകളുടെ ഒപചാരിക ഉദ്ഘാടനം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി യുടെ അധ്യക്ഷതയിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, വാർഡ് മെമ്പർ സന്ധ്യ ശിവകുമാർ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി.ജി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, ബി ആർ സി കോഡിനേറ്റർ ബിൻസ് ജോസഫ്, പിടിഎ പ്രസിഡണ്ട് സജിനി സതീഷ്   തുടങ്ങിയവർ പ്രസംഗിച്ചു.

 

രണ്ട് കോഴ്സുകളിലും 25 വിദ്യാർത്ഥികൾക്ക് പ്രകാരമാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനോടൊപ്പം മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി എംഎൽഎ അറിയിച്ചു. കോഴ്സുകളുടെ പ്രവേശനവും പഠനവും സൗജന്യമാണ്.