കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടിയായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനിയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ 17 സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. 12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും അഞ്ച് സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ ലഭിക്കുന്ന ഐ.പി ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. എ.ഐ ക്യാമറകൾ, ഹ്യൂമൻ ഡിറ്റക്ഷൻ അലാറം, ടു വേ ഓഡിയോ തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ള നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.     

ഗ്രാമപഞ്ചായത്ത്‌ ഈ പദ്ധതികൾ നടപ്പിലാക്കുന്നുവെന്നറിഞ്ഞ് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയിലെ വികസനങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടി ചില തൽപരകക്ഷികൾ സാമൂഹ്യ മാധ്യമങ്ങളിൽ അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അറിയിച്ചു.