പ്രാദേശികം

തീക്കോയിൽ ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

തീക്കോയി: ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) മരിച്ച സംഭവത്തിലാണ് ഭർത്താവ് ജോൺ (47) നെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. കട്ടൻസ് തൊഴിലാളിയാണ് ഇയാൾ.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡൊഴിച്ചത്. സാരമായി പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാലാമണി ബുധനാഴ്ച രാവിലെയാണ് മരിച്ചത്. 

ബുധനാഴ്ച വൈകിട്ടു തന്നെ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ റിമാൻഡു ചെയ്തു. ബാലാമണിയുടെ സംസ്‌ക്കാരം നടത്തി. ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബാലാമണി.