പ്രാദേശികം

തീക്കോയി ഗവ. ടെക്നിക്കൽ സ്കൂൾ ആനിയിളപ്പിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

ഈരാറ്റുപേട്ട: കഴിഞ്ഞ നാല് പതിറ്റാണ്ടായി തീക്കോയിൽ പരിമിതമായ സൌകര്യത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വിശാലമായ ബഹുനില മന്ദിരത്തിൽ പ്രവേശനോത്സവം നടത്തി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. തീക്കോയി ടെക്നിക്കൽ സ്കൂളിനൊപ്പം പ്രവർത്തനമാരംഭിച്ച എല്ലാ സ്കൂളുകളും ഇന്ന് അപ്ഗ്രേഡ് ചെയ്ത് പോളി ടെക്നിക്കുകളായെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഈ സ്കൂളിന് എവിടേയും എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു

പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് അനുവദിക്കുന്ന മുറക്ക് ഈ സ്കൂളും അപ്ഗ്രേഡ് ചെയ്യുന്നതിന് സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് നജാം എ.ജെ അധ്യക്ഷത വഹിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുഹാനാ ജിയാസ്, തീക്കോയി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയറാണി തോമസുകുട്ടി, ഈരാറ്റുപേട്ട നഗരസഭാ കൌൺസിലർ നസീറ സുബൈർ, തീക്കോയി പഞ്ചായത്ത് മെമ്പർ അമ്മിണി തോമസ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഷംനാസ് പി.എച്ച്, ടെക്ന‌ിക്കൽ ഹൈസ്‌കൂൾ റിട്ട. ഇ.ഐ രാജൻ പി., റിട്ട. ഫോർമാൻ ഫോൺസി സ്‌കറിയ, റിട്ട. ഹെഡ് ക്ലർക്ക് ജോർജ്ജ് കുര്യാക്കോസ്, ഡ്രാഫ്റ്റ്സ്‌മാൻ അഭിലാഷ് കെ.ടി, ഫോർമാൻ ബിജു വി. ധനേഷ്, പൂർവ വിദ്യാർഥിയും സ്കൂൾ അധ്യാപകനുമായ ആകാശ് പ്രേംകുമാർ, പൂർവ വിദ്യാർഥി പ്രതിനിധി ഹുസ്സൈൻ കെ.എൻ എന്നിവർ സംസാരിച്ചു. സ്കൂൾ ക്വയർ ടീം സ്വാഗതഗാനവും കുട്ടികൾ ഗാനങ്ങളും അവതരിപ്പിച്ചു. അധ്യാപകരായ ലീനാ ഇ.പി. സ്വാഗതവും അഞ്ജുമോൾ ചന്ദ്രൻ നന്ദിയും പറഞ്ഞു.

കഴിഞ്ഞ മെയ് 29 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും പണികൾ പൂർണമാകാത്തതിനാലാണ് പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കാൻ വൈകിയത്. പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്ന് നിലകളിലായി മുപ്പതിനായിരം സ്ക്വയർഫീറ്റിൽ അതി വിശാലമായ സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രാക്റ്റിക്കൽ ലാബുകൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ സൊസൈറ്റി പ്രവർത്തിക്കുന്ന മുറി, ഡ്രോയിങ് ഹാൾ, ഐ.ടി ലാബ്, ഓഫീസ് മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.