കേരള ബാങ്ക് പ്രാക്ഷമിക സഹകരണ ബാങ്കുകൾക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും തലപ്പലം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി ശ്രീ വി. എൻ വാസവൻ അധ്യക്ഷത വഹിച്ച അവാർഡ്ദാന ചടങ്ങ് മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ. ഷിബി ജോസഫ് ഈരൂരിക്കൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി.പി, ബോർഡ് അംഗം ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ ചേർന്ന് പതിനായിരത്തിയൊന്നു രൂപ ക്യാഷ് അവാർഡും മെമൻ്റോയും ഏറ്റുവാങ്ങി. 2022-23 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ്. 1 കോടി 33 ലക്ഷംരൂപ ലാഭം നേടിയ അവാർഡ് വർഷത്തിൽ അഡ്വ.സജി ജോസഫ് മൂലേച്ചാലിൽ ആയിരുന്നു ബാങ്ക് പ്രസിഡൻ്റ്.
കോട്ടയം ജില്ലയിലെ ആദ്യത്തെ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായ തലപ്പലം സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ 30 തുടർച്ചയായി വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും 28 വർഷമായി ലാഭവിഹിതം നൽകിവരുകയും ചെയ്യുന്നു. 1956 ൽ രൂപീകൃതമായ ബാങ്ക് പ്രദേശത്തിൻ്റെ കാർഷിക സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളുടെ ജീവനാഡിയായി പ്രവർത്തിക്കുന്നു .വേറിട്ട പ്രവർത്തനങ്ങളിലൂടെ സഹകരണ മേഖലയ്ക്ക് മാതൃകയായി മാറുകയാണ് തലപ്പലം ബാങ്ക് . ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരുമിച്ച് നടത്തിയ ഏകദിന ശില്പശാലയായ ഫിസ്ക്കൽ റിട്രീറ്റ് പ്രോഗ്രാം (FRP) , മെഗാ ഡിപ്പോസിറ്റ് മീറ്റുകൾ, കർഷക അവാർഡും ആദരിക്കലും, കുട്ടികളുടെ വിജയദിനാഘോഷങ്ങൾ, സ്വാതന്ത്ര്യദിന മെഗാ ക്വിസ് പ്രോഗ്രാം, കുടുംബ സംഗമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയാണ് തലപ്പലം ബാങ്ക് .