കേരളം

സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

സംസ്ഥാനത്ത് ഇന്നു മുതൽ വേനൽമഴയെത്തുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വേനൽ 2 മാസം പിന്നിടുമ്പോഴേയ്ക്കും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകളും വറ്റി തുടങ്ങി. മീനച്ചിലാർ പലയിടത്തും ചാലുകളായി മാറി. കാർഷിക മേഖലയും ജലദൗർലഭ്യത്തിൻ്റെ പ്രതിസന്ധിയിലാണ്. വാഴ, ജാതി തുടങ്ങി വെള്ളം അനിവാര്യമായ വിളകൾ നശിക്കാൻ കനത്ത വെയിൽ തുടരുന്നത് വഴിവെയ്ക്കും. ഈ സാഹചര്യത്തിൽ മാനത്ത് മേഘങ്ങൾ ഉരുണ്ടുകൂടുന്നത് ആശ്വാസത്തോടെയാണ് കർഷകർ നോക്കിക്കാണുന്നത്.

 

കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല. ശനിയാഴ്‌ച തെക്കൻ കേരളതീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.