കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭങ്ങളായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും പുതിയ കെട്ടിട ബ്ലോക്കിന്റെയും ഉൽഘാടനം സെപ്റ്റംബർ 12-ന് നടക്കും . ജമാഅത്തെ ഇസ്ലാമി അമീർ പി.മുജീബ് റഹ്മാൻ പരിപാടിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും .
കഴിഞ്ഞ 15 വർഷത്തിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ഒരു ചുവടുവെപ്പാണ് ഈ സംരംഭം.പുതുതായി തുടങ്ങുന്ന ഫിസിയോതെറാപ്പി യൂണിറ്റ്, രോഗികൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. പുതിയ കെട്ടിടം പാലിയേറ്റീവ് കെയർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനും ആണ് ലക്ഷ്യമിടുന്നത്.കൂടാതെ പ്രായമായ രോഗികളെ മരണം വരെ സംരക്ഷിക്കുന്ന കെയർ ആൻഡ് ക്യൂഅർ പദ്ധതിയുടെ ഉത്ഘാടനവും ഇതോടൊപ്പം നടത്തപ്പെടുന്നു .
ആദ്യകാലങ്ങളിൽ ഈരാറ്റുപേട്ടയിലെയും സമീപ പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികളെ സംരക്ഷിച്ചുകൊണ്ടാണ് കരുണയുടെ പ്രവർത്തനം ആരംഭിച്ചത്.പിന്നീട് നിർധരരായ രോഗികൾക്കും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപ്പോയവർക്കും സംരക്ഷണം ഒരുക്കി കരുണ അഭയ കേന്ദ്രവും ആരംഭിച്ചു. ഇന്ന് 70-ഓളം അന്തേവാസികൾക്കാണ് കരുണ സംരക്ഷണം ഒരുക്കിയിരിക്കുന്നത്.അതിനുപുറമെ,നിസ്സഹായരായ 200-ഓളം കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും സൗജന്യമായി എത്തിക്കുന്ന ഹോം കെയർ പദ്ധതിയും കരുണ വിജയകരമായി നടപ്പാക്കിവരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കുടുംബ സംഗമവും കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത-സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുക്കും. കരുണ ചെയർമാൻ എൻ.എ.എം ഹാറൂൺ, സെക്രട്ടറി കെ.എച്ച് നാസർ, സ്വാഗത സംഘം ചെയർമാൻ ഹാഷിർ നദ് വി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.









