ഈരാറ്റുപേട്ട : സിനിമകളിലും സീരിയലുകളിലും മാത്രം കണ്ട് പരിചയമുള്ള കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ അമ്പരപ്പിൻ്റെ ലോകത്തായി.ജഡ്ജിമാരെയും കോട്ടും സ്യൂട്ടുമണിഞ്ഞ അഭിഭാഷകരെയും വാദികളെയും പ്രതികളെയും കേസ് ഫയലുകൾ നിറഞ്ഞ കോടതി മുറികളെയും കണ്ട വിദ്യാർത്ഥികൾ എല്ലാം സസൂക്ഷ്മം വീക്ഷിച്ചു. ഇത് ഞങൾ സിനിമകളിലും മറ്റും കണ്ടത് പോലെയല്ലല്ലോ എന്നായി ചില കമൻ്റുകൾ.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ
കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരു ന്നു.താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും കുടുംബക്കോടതി ജഡ്ജിയുമായ അയ്യൂബ് ഖാനുമായി കുട്ടികൾ സംവദിച്ചു.എന്താണ് പൊതു താൽപര്യ ഹർജി,തങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും രക്ഷപ്പെടാൻ നിയമങ്ങൾക്ക് എങ്ങനെ ഇടപെടാൻ കഴിയും തുടങ്ങി വിവിധ ചോദ്യങ്ങൾ അവർ ജഡ്ജിയോട് ചോദിച്ചു.
അഡ്വ.ആർ ഹരി മോഹൻ നിയമബോധവൽകരണ ക്ലാസെടുത്തു. സൈക്യാട്രിക് സോഷ്യൽ കൗൺസലർ സജിത എസ്.മോട്ടിവേഷൻ ക്ലാസ് നൽകി.ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,അധ്യാപകരായ സിന്ദുമോൾ കെ. എസ്.,ജോബിൻ സി.എന്നിവർ സംവാദ പരിപാടിക്ക് നേതൃത്വം നൽകി.
സംവാദയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പുസ്തകങ്ങളും ജഡ്ജി വിതരണം ചെയ്തു.