കോട്ടയം

തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം: 50 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും  50 ലക്ഷം രൂപ അനുവദിച്ചതായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പ്രസ്തുത തുക ഒന്നാം ഘട്ടമായി അനുവദിച്ചതാണെന്നും തുടർന്ന് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പൂർണ്ണമായും ഒരു കെട്ടിടത്തിൽ പ്രത്യേകമായി പ്രവർത്തിക്കുന്നതിന്  സൗകര്യം ഒരുക്കത്തക്ക വിധം കെട്ടിടം വിപുലീകരിക്കുമെന്നും അതിനായി ആവശ്യമായി വരുന്ന അധിക തുക കൂടുതലായി അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു.

വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ക്ലാസ് റൂമുകൾ കൂടാതെ ലാബ് സൗകര്യവും വർക്ക്ഷെഡും കൂടി ആവശ്യമുണ്ട്. കൂടാതെ നിലവിൽ  ജനറൽ ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ട് സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളും തിടനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ചിട്ടുണ്ട്.  ഈ കോഴ്സുകൾക്കായി  25 ലക്ഷം രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട് ഈ കോഴ്സുകൾ ഉൾപ്പെടെ ലൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയത്തിൽ നടത്താൻ ഉപകരിക്കും വിധം പുതിയ കെട്ടിടം രൂപകല്പന ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനായി ഉടൻ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.