ജനറൽ

പാട്ടിന്റെ നറുപുഷ്പ്പത്തിന് ഇന്ന് അറുപതാം പിറന്നാൾ; പാട്ടുകാരിയായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു? മലയാളത്തിന്റെ വാനമ്പാടിയുടെ മറുപടി ഇങ്ങനെ..

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. ചിത്ര മലയാള സിനിമയിലെത്തിയതോടെ നിരവധി തെന്നിന്ത്യൻ ​ഗായികമാർക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇന്ന് അറുപത് വയസ്സിന്റെ നിറവിൽ നിൽക്കുമ്പോഴും നിറപുഞ്ചിരിയോടെ മലയാളികളുടെ മനസ്സിൽ ​ഗാനാമൃതം പൊഴിക്കുകയാണ് ചിത്ര. ​പാട്ടുകാരിയായിരുന്നില്ലെങ്കിൽ താൻ ഒരു അധ്യാപികയാകുമായിരുന്നു എന്നാണ് ചിത്ര പറയുന്നത്. തന്റെ മാതാപിതാക്കളും ഒപ്പം പഠിച്ചവരുമൊക്കെ അധ്യാപകരാണെന്നും ചിത്ര പറയുന്നു.

നാലുപതിറ്റാണ്ടിലേറെയായി നമ്മുടെ കാതുകളിൽ മുഴങ്ങുന്ന സ്വരമാധുര്യത്തിന്റെ പേരാണ് കെ.എസ്.ചിത്ര. മലയാളിയുടെ ബാല്യ, കൗമാര, യൗവന ചേതനകൾക്കൊപ്പം ആ ശബ്ദവും ഉണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ സംഗീതപ്രേമികൾ ചിത്രയുടെ ഗാനങ്ങൾ നെഞ്ചേറ്റി. പ്രണയമായി, വിരഹമായി, വിഷാദമായി അങ്ങനെ പല ഭാവങ്ങളിൽ മലയാളത്തിന്റെ വാനമ്പാടിയായി കെ.എസ് .ചിത്ര.

1979ൽ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം. എം.ജി രാധാകൃഷ്ണൻ തന്നെ ഈണമിട്ട ‘രജനീ പറയൂ’ എന്ന ഗാനമാണ് ആദ്യ ഹിറ്റ്. പിന്നീടങ്ങോട്ട് ചിത്രയുടെ മാസ്മരിക ശബ്ദവും നിറപുഞ്ചിരിയും മലയാളവും കടന്ന് തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ ഇഷ്ടതാളങ്ങളിലൊന്നായി.

തമിഴ് സിനിമാ ലോകമാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. 1986 ൽ പുറത്തിറങ്ങിയ “പാടറിയേൻ പഠിപ്പറിയേൻ” എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന ഗാനത്തിലൂടെ ആ പുരസ്കാരം ചിത്ര കേരളിത്തിലേക്കെത്തിച്ചു.