കോട്ടയം

രണ്ട് എം.എൽ.എമാർ; പാലായ്ക്ക് ഇരട്ടി മധുരം

ഈരാറ്റുപേട്ട: നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലായ്ക്ക് ഇരട്ടിമധുരം. മണ്ഡലത്തിന് രണ്ട് എം.എൽ.എമാരെ കിട്ടിയ സന്തോഷത്തിലാണ് പാലാക്കാർ. ഒന്ന് സ്വന്തം എം.എൽ.എ മാണി സി. കാപ്പനാണെങ്കിൽ രണ്ടാമൻ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യനാണ്.

പാലാ നിയോജകമണ്ഡല പരിധിയിലെ തലപ്പലം പഞ്ചായത്തിലെ പ്ലാശനാലിലാണ് എം.ജെ. സെബാസ്റ്റ്യൻ താമസിക്കുന്നത്. പൂഞ്ഞാർ മണ്ഡലത്തിലെ പ്രധാന പട്ടണമായ ഈരാറ്റുപേട്ട നഗരസഭയും തലപ്പലം പഞ്ചായത്തും അതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളാണ്. ഒരേ മുന്നണിയിലെ എം.എൽ.എമാരാണ് രണ്ടു നിയോജകമണ്ഡലത്തിലും എന്നതിനാൽ പരസ്പരം ധാരണയോടെ അനേകം വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ടേമിൽ തുടക്കമിട്ട ഇളപ്പുങ്കൽ പാലം ഉൾപ്പടെ വൻ പദ്ധതികൾ വേഗത്തിലാക്കാൻ കഴിയും.