എരുമേലി : പാളത്തൊപ്പിയണിഞ്ഞ് കാളവണ്ടിയിൽ ആവേശത്തോടെ കൈകൾ ഉയർത്തി വീശി അഭിവാദ്യങ്ങൾ നൽകി എത്തിയ പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം. ജെ. സെബാസ്റ്റ്യൻ എരുമേലി പട്ടണത്തെ ആവേശ കൊടുമുടിയിൽ എത്തിച്ചു. വ്യാഴാഴ്ച എരുമേലിയിൽ നടത്തിയ പ്രചരണ പര്യടനമാണ് വിസ്മയകരമായി മാറിയത്. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി ആണ് സ്ഥാനാർത്ഥി കാളവണ്ടിയിൽ എത്തിയത്.
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഭരണം യുഡിഎഫിന് നൽകുമെന്ന് ജനം വിധി എഴുതുമെന്നും അതിന്റെ കാരണം പത്ത് വർഷത്തെ ഇടതു ഭരണം ഏൽപ്പിച്ച കനത്ത പ്രഹരം ആണെന്നും സ്വീകരണ യോഗത്തിൽ സംസാരിച്ച സ്ഥാനാർഥി എം ജെ സെബാസ്റ്റ്യൻ പറഞ്ഞു. എരുമേലിയ്ക്കായി വികസന പ്രൊജക്റ്റ് തയ്യാറാക്കി അഞ്ച് വർഷം കൊണ്ട് സമ്പൂർണ വികസനം സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, റോയി കപ്പലുമാക്കൽ, നാസർ പനച്ചി, ബിനോയ് ഇലവുങ്കൽ, അനസ് പുത്തൻവീട്, കെ പി ബഷീർ മൗലവി, പി കെ റസാക്ക്, പി ജെ ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ഒമ്പതിന് എരുമേലി ടൗണിൽ നിന്നാരംഭിച്ച പ്രചരണ പര്യടനം പഞ്ചായത്തിലെ വിവിധ വാർഡുകൾ ചുറ്റി വൈകിട്ട് ചേനപ്പാടിയിൽ സമാപിച്ചു.









