കോട്ടയം

വാഗമണ്ണിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു

തീക്കോയി: വാഗമൺ റൂട്ടിൽ നീർച്ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചേർത്തല നഗരസഭയുടെ ബോർഡ് വെച്ച വണ്ടിയുടെ ഓരോ വശങ്ങളിലും വ്യത്യസ്ത വണ്ടി നമ്പരുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഈ വണ്ടിയിൽ തന്നെയാണ് കഴിഞ്ഞ ദിവസവും ഇതേ സ്ഥലങ്ങളിൽ വന്ന് കക്കൂസ് മാലിന്യംതള്ളിയിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നാട്ടുകാർ സ്ഥിരീകരിച്ചു. ചേർത്തല സ്വദേശികൾ തന്നെയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിരന്തരമായി മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നതിനാൽ നാട്ടുകാർ ഇപ്പോൾ ജാഗ്രതയിലാണ്. മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്തിന്റെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും യാതൊരു ഉപകാരവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.