ഈരാറ്റുപേട്ട: വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് നടത്തിയ പ്രസ്‌താവന അപഹാസ്യവും നിരുത്തര വാദിത്വപരവും കേരളത്തിൻ്റെ സാമൂഹ്യഘടനയുടെ കടയ്ക്കൽ കത്തിവെക്കുന്നതുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു.
അടുത്തകാലം വരെ മത ന്യൂനപക്ഷങ്ങളോട് ചേർന്ന് നിന്ന് അവകാശങ്ങൾക്ക് വേണ്ടി പടപൊരുതിയ വെള്ളാപ്പള്ളി നടേശന് ഒന്നുറങ്ങി വെളുത്തപ്പോൾ നിലപാടിൽ മാറ്റം സംഭവിച്ചത് അത്ഭുതകരമാണ്. വർഗീയ ഫാസിസ്റ്റുകൾക്ക് ചുട്ടു പിടിക്കുന്ന ഈ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മത സാമൂഹിക സാഹചര്യത്തിന് നിരക്കാത്ത പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയിട്ടു ള്ളത്. കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വന്നാൽ ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ എന്തോ പ്രത്യാഘാതം ഉണ്ടാകും എന്ന മട്ടിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇവിടെ മുഖ്യമന്ത്രി ആവാനും മന്ത്രി ആവാനും ആർക്കും അവകാശമുണ്ട്. ആരും ആരുടെയും വോട്ട്, തോക്ക് ചുണ്ടി വാങ്ങിച്ചിട്ടൊന്നുമില്ല. എം.എൽ.എയും എം.പിയും ഒക്കെ ആവുന്നതിന് നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ കൃത്യമായ വ്യവസ്ഥിതിയുണ്ട്. വെള്ളാപ്പള്ളി നടേശന് അറിയില്ലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് അത് ബോധ്യമുള്ള കാര്യങ്ങളാണ്.
തീർച്ചയായും ഒരു സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിച്ച് രക്ഷപ്പെടാമെന്ന് കരുതുന്നത് മഹാവിഡ്ഢിത്തമാണ്. മുസ്ലിംകൾ വളരെ കൃത്യതയോടു കൂടി തന്നെ ഇത് നോക്കിക്കാണുന്നുണ്ട്. ഈഴവരുടെ നേതാവായിരിന്നിട്ടും മുസ്ലിംകളുടെ അംഗസംഖ്യ വർധിക്കുന്നത് കൊണ്ട് കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖല മുഴുവൻ വർഗീയതയുടെ ആസ്ഥാനങ്ങൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കും ഗുണമുണ്ടാക്കാൻ വേണ്ടി സമുദായീകരണം ഉണ്ടാക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാട് തിരുത്തണമെന്നും സാമൂഹ്യ അന്തരീക്ഷത്തിന് ഇണങ്ങുന്ന നിലയിൽ പ്രസ്താവനകൾ ഇറക്കണമെന്നും അതല്ലാത്ത പക്ഷം വളരെ അവജ്ഞയോടുകൂടി പൊതു സമൂഹം തള്ളിക്കളയുമെന്നും ഞാൻ ഓർക്കുകയാണ്. സമുദായത്തിൻ്റെ സമുദായിക സൗഹാർദ്ദവും പാരസ്‌പര ഐക്യവും നിലനിൽക്കുന്ന നല്ല നല്ല അന്തരീക്ഷം നിലനിർത്താൻ നമ്മളെല്ലാവരും കൂട്ടായി പ്രവർത്തിക്കണം എന്നും പ്രസ്‌താവനയിൽ പറഞ്ഞു.









