ഈരാറ്റുപേട്ട: ജൽജീവൻ പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച പൂഞ്ഞാർ വെട്ടിപ്പറമ്പ് ആനിയിളപ്പ് റോഡ് പുനരുദ്ധാരണം വൈകുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധം. ആനിയിളപ്പിൽ നാളെ രാവിലെ ഒൻപതര മുതൽ ധർണസമരം നടത്തും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധർണയിൽ പങ്കെടുക്കും.
റോഡ് നന്നാക്കുന്നതിലുള്ള അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മഴക്കാലത്ത് ചെളിയിൽ നീന്താനാണ് വിധിയെങ്കിൽ വേനലാകുന്നതോടെ പൊടി തിന്ന് ജീവിക്കാനാണ് ഈ പ്രദേശത്തുകാരുടെ വിധി. വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാർ പൊടിയിൽ മൂടുകയാണ്. പിന്നാലെ വരുന്ന വാഹനങ്ങളും പൊടിയിൽ മൂടുന്ന അവസ്ഥയുണ്ട്. വീടുകളിൽ ചുമയും ജലദോഷവും ഇല്ലാത്തവരായി ആരുമില്ലെന്ന സ്ഥിതിയാണ്. ശിശുക്കളും വയോധികരും ഉൾപ്പെടെ പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.









