ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ അഡ്വ. വി.പി. നാസർ ചെയർമാനാകും. അധ്യക്ഷ പദവിയെ ചൊല്ലിയുണ്ടായിരുന്ന തർക്കം ഇന്നലെ നടന്ന മുസ്‌ലിം ലീഗ്- കോൺഗ്രസ് ചർച്ചയിൽ പരിഹരിച്ചു. അവസാനത്തെ 15 മാസം കോൺഗ്രസിന് ചെയർമാൻ പദവി കൈമാറാമെന്നാണ് ധാരണയായിട്ടുള്ളത്. ആദ്യത്തെ രണ്ടര വർഷമാണ് അഡ്വ. വി.പി. നാസറിന്റെ കാലാവധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും മുസ്‍ലിം ലീഗിന്റെ നിശ്ചിത സമയം പൂർത്തിയാവുന്നത് വരെ നാസർ തന്നെ തുടരാനാണ് സാധ്യത.
ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്ക് നഗരസഭാ കൌൺസിൽ ഹാളിൽ നടക്കും. അതേ സമയം, ചെയർമാൻ സ്ഥാനത്ത് മാറ്റം വരുന്ന പക്ഷം വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകണമെന്ന് വെൽഫെയർ പാർട്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ഉച്ചക്കു ശേഷം നടക്കുന്ന വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഫാത്തിമ അൻസർ യു.ഡി.എഫിന്റെ സ്ഥാനാർഥിയാകും.









