കോട്ടയം

ആരോഗ്യവകുപ്പ് മന്ത്രി രാജി വെക്കുക -വെൽഫെയർ പാർട്ടി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി.കേരളത്തിന്റെ ആരോഗ്യ പരിചരണ മേഖല കെടുകാര്യസ്ഥതയുടെ പടുകുഴിയിൽ പെട്ടിരിക്കുകയാണ്. അഹങ്കാരവും അമിത ആത്മ വിശ്വാസവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ആവശ്യത്തിന് മരുന്നോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും മെഡിക്കൽ കോളേജുകളിൽ പോലും ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നത് കേരളം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.അതോടൊപ്പമാണ്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ സമയബന്ധിതമായി അറ്റക്കുറ്റപ്പണികൾ പോലും നടത്താതെ ആളെ കൊല്ലുന്ന സംവിധാനം ആയി സർക്കാർ ആശുപത്രികൾ മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.കെ. മുഹമ്മദ്‌ സാദിക്ക് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാരായ പി.എ. നിസാം, അർച്ചന പ്രിജിത്, വൈസ് പ്രസിഡന്റുമാരായ സുനിൽ ജാഫർ, ഉമ്മൻ കുര്യൻ, ബൈജു സ്റ്റീഫൻ, ഫൈസൽ കെ. എച്ച്. ലത്തീഫ്, ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.