ജനറൽ

അർബുദം വരാൻ സാധ്യത കൂടുതൽ യുവാക്കൾക്കെന്ന് പഠനം; കാരണങ്ങൾ അറിയാം

അൻപത് വയസ്സിന് താഴെയുള്ളവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലെന്ന് പുതിയ പഠനം. 1990കൾക്ക് ശേഷം യുവാക്കൾക്ക് അർബുദം വരാനുള്ള സാധ്യത ഗണ്യമായി വർധിച്ചതായും ബിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. നേച്ചർ റിവ്യൂസ് ക്ലിനിക്കൽ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിന്റെ ഉയർന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അർബുദം വരാനുള്ള അപകടസാധ്യത ഉയർത്തുന്നതായി ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഏതാനും ദശാബ്ദങ്ങൾക്ക് മുൻപുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി.

മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങൾ, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികൾ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതെല്ലാം അർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തിൽ ഗവേഷകർ

ഉൾപ്പെടുത്തിയ 14 തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്.

നാം കഴിക്കുന്ന ഭക്ഷണം ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം ഉൾപ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് അർബുദബാധയുടെ ദീർഘകാല പാറ്റേൺ നിർണയിക്കുന്നതിൽ തടസ്സമായതായി ഗവേഷകർ പറയുന്നു.