ജനറൽ

ഒരു പാട്ടിന് 3 കോടി ! പ്രതിഫലത്തിലും മുൻപിൽ എ.ആർ റഹ്മാൻ

ഇന്ത്യയിൽത്തന്നെ ഏറ്റവും പ്രശസ്തനായ, ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീതസംവിധായകനാര് എന്ന ചോദ്യത്തിന് ഒരുപക്ഷെ എ.ആർ റഹ്മാൻ എന്നുതന്നെയാകും ഉത്തരം. ലോക ചലച്ചിത്ര മേഖലയിലെത്തന്നെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്കർ അടക്കം ഇന്ത്യയിലേക്കെത്തിച്ച നമ്മുടെ അഭിമാന സംഗീതജ്ഞൻ. വർഷങ്ങളായി സംഗീത മേഖലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഫലമാണ് എങ്ങും ഇപ്പോൾ ചർച്ചാവിഷയം.

എ.ആർ റഹ്മാൻ ഒരു പാട്ട് കമ്പോസ് ചെയ്യാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏകദേശം 3 കോടിയോളം രൂപയാണെന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില പാട്ടുകൾക്ക് അഞ്ച് കോടി രൂപ വരെ വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. താൻ നയിക്കുന്ന സ്റ്റേജ് ഷോകൾക്കും മ്യൂസിക് കൺസെർട്ടുകൾക്കും കുറഞ്ഞത് ഒരു കോടി രൂപയോളം താരം പ്രതിഫലമായി വാങ്ങാറുണ്ട്. ഇതിനപ്പുറം റഹ്മാൻ പാടുന്ന പാട്ടുകൾ വേറെയുമുണ്ട്. സ്വയം സംഗീതസംവിധാനം ചെയ്യുന്ന പാട്ടുകളാണ് അദ്ദേഹം കൂടുതലായും പാടിക്കേൾക്കാറുള്ളത്.

ഇസൈ പുയൽ’ എന്ന പേരിലാണ് സംഗീതപ്രേമികൾ റഹമാനെ സ്നേഹത്തോടെ വിശേഷിപ്പിക്കാറുള്ളത്. റഹ്മാന്റെ അവസാനം ഇറങ്ങിയ സിനിമ മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന ചിത്രമായിരുന്നു. ചിത്രത്തിന് വേണ്ടി ഏഴോളം പാട്ടുകളാണ് റഹ്മാൻ കമ്പോസ് ചെയ്തിരിക്കുന്നത്. അവയെല്ലാം ഇതിനോടകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തതായി റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമ ബോളിവുഡ് സിനിമയായ ‘തേരെ ഇഷ്‌ക് മെയ്ൻ’ എന്ന ചിത്രമാണ്. ധനുഷ് നായകനായി, റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ‘രാഞ്ജന’ എന്ന ചിത്രത്തിന്റെ അതേ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് തേരെ ഇഷ്‌ക് മെയ്ൻ.