പ്രവാചക പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സംസം വിതരണത്തിന് 14,000-ത്തിലധികം പാത്രങ്ങൾ ഒരുക്കിയതായി മസ്ജിദുന്നബവി കാര്യാലയം പറഞ്ഞു.
റിയാദ്: മദീനയിലെ പ്രവാചക പള്ളിയിൽ റമദാനിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 400 ടൺ സംസം. മക്കയിൽ നിന്ന് പ്രത്യേക ടാങ്കർ ലോറികളിലാണ് ഇത്രയും വെള്ളം മദീനയിലെത്തിക്കുന്നത്. ഇതിന് മേൽനോട്ടം വഹിക്കുന്നതിന് 520 ജീവനക്കാരുണ്ട്. മദീനയിലെത്തിക്കുന്ന സംസം പാത്രങ്ങളിൽ നിറച്ച് ഹറമിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുന്നത് ഈ ജീവനക്കാരാണ്.
പ്രവാചക പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സംസം വിതരണത്തിന് 14,000-ത്തിലധികം പാത്രങ്ങൾ ഒരുക്കിയതായി മസ്ജിദുന്നബവി കാര്യാലയം പറഞ്ഞു. ദിവസവും 10 ലക്ഷത്തിലധികം ഗ്ലാസുകളും ഒരുക്കുന്നുണ്ട്. ഹറമിനകത്തും പുറത്തും സംസം വിതരണം ചെയ്യുന്നതിനായി 80 കൈവണ്ടികളും 20 ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. ഒഴിഞ്ഞ പാത്രങ്ങൾ നീക്കം ചെയ്യാൻ 10 ട്രെയിലറുകളുണ്ട്.
ഒരോ പാത്രവും മൂന്ന് തവണ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്തശേഷമാണ് സംസം നിറക്കുന്നത്. സംസം നിറയ്ക്കാൻ എട്ട് സ്ഥലങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന സംസം ബോട്ടിലുകൾ തണുപ്പിക്കാൻ മൂന്ന് കേന്ദ്രങ്ങളും ഉണ്ട്. നമസ്കാര സ്ഥലങ്ങളിൽ സംസം വിതരണം ചെയ്യാൻ പ്രത്യേക ആളുകളുണ്ട്. സംസം ചുമക്കുന്നതിനായി പ്രത്യേക ബാഗുകൾ ഇവർക്ക് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി