ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ചത്തെ ഭൂകമ്പത്തില്‍ മരിച്ച യുവതിയുടെ പൊക്കിള്‍ക്കൊടികൊണ്ട് ബന്ധിച്ചിരിക്കുന്ന നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്ത അസാധാരണമായ അതിജീവന കഥകളും അപകട സ്ഥലത്ത് നിന്ന് പുറത്തുവരുന്നുണ്ട്. തിങ്കളാഴ്ച 7.8 ആണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് കെട്ടിടങ്ങളാണ് നിരപ്പായത്. ഭൂചലനത്തില്‍ തുര്‍ക്കിയുടെ പ്രധാന നഗരങ്ങളായ ഗാസിയാന്‍ടെപ്പിനും കഹ്റാമന്‍മാരസിനും ഇടയിലുള്ള സുപ്രധാന കെട്ടിടങ്ങളുള്‍പ്പെടെ എല്ലാം തകര്‍ന്നിരുന്നു.
ഇതിനിടെ സിറിയയില്‍ ഭൂചലനത്തില്‍ ജയില്‍ ഭിത്തികള്‍ വിണ്ടുകീറിയതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ ജയില്‍ തടവിലായിരുന്ന 20 ഐഎസ് ഭീകരര്‍ ജയില്‍ചാടി. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമിപം റജോയിലുളള സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് കുറ്റവാളികള്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് 10 തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ചൊവ്വാഴ്ച മുതല്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.