റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ ഉണ്ടാകുമെന്ന് എൻറർടെയ്ൻമെൻറ് അതോറിറ്റി അറിയിച്ചു. കലാ-കായിക-സാഹിത്യ പരിപാടികളും മത്സരങ്ങളും മേളയിൽ ഉണ്ടാകും. 7 അന്താരാഷ്ട്ര എക്സിബിഷനുകളും, എല്ലാ ദിവസവും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാംസ്കാരിക-രുചി വൈവിധ്യങ്ങൾ അടുത്തറിയാനുള്ള അവസരവും മേളയിൽ ഉണ്ടാകും.
അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്ന റിയാദ് സീസൺ ഫെസ്റ്റിവലിൽ പുതുമയുള്ള നിരവധി പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 15 സോണുകളിലായി 8500-ലധികം പരിപാടികളാണ് ഫെസ്റ്റിവലിൽ നടക്കുക. 252-റസ്റ്റോറന്റുകളും 240 സ്റ്റോറുകളും പ്രത്യേകം സജ്ജീകരിക്കും. എല്ലാ ദിവസവും കരിമരുന്ന് പ്രയോഗം ഉണ്ടാകും. 8 ഇൻറർനാഷനൽ ഷോകളും 150-ഓളം സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്
108 ഇൻററാക്ടീവ് പരിപാടികൾ, 7 അന്താരാഷ്ട്ര എക്സിബിഷനുകൾ, 2 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ, ഗുസ്തി മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിവലിൽ ഉണ്ടാകും. ബോളിവാഡ് വേൾഡ്, ബോളിവാഡ് റിയാദ് സിറ്റി, വിൻറർ വണ്ടർലാണ്ട്, അൽമുറബ, സ്കൈ റിയാദ്, വയ റിയാദ്, മൃഗശാല, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, സുവൈദി പാർക്ക്, സൂഖ് അൽസമാൻ, ഫാൻ ഫെസ്റ്റിവൽ, റിയാദ് ഫ്രണ്ട്, ഖറിയത്ത് സൽമാൻ എന്നിവയാണ് ഫെസ്റ്റിവൽ നടക്കുന്ന 15 സോണുകൾ. ഭാവനയ്ക്കപ്പുറം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഫെസ്റ്റിവൽ 65 ദിവസം നീണ്ടു നിൽക്കും.