ജനറൽ

കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി

പശ്ചിമം കുറിഞ്ഞിപ്പൂക്കളാല്‍ ഒരു നീലപരവതാനി വിരിച്ചപോലെ. കണ്‍കുളിര്‍ക്കെ ഈ മനോഹരകാഴ്ച കാണാന്‍ അനേകായിരങ്ങളാണ് മലകയറിയെത്തുന്നത്. പൂവായാല്‍ മണം വേണമെന്നില്ലെന്ന് തെളിയിച്ച് അതിലേറെ പ്രകൃതിയെ മനോഹരിയാക്കാനൊരുങ്ങി നില്‍ക്കയാണ് നീലക്കുറിഞ്ഞിപ്പൂക്കള്‍. പ്രളയദുരിതം ഒഴുക്കികളഞ്ഞത് മൂന്നാറിന്റെ വസന്തത്തെയല്ല, പകരം ആ കുത്തൊഴുക്കില്‍ പിന്നീട് തളിരിട്ടത് അതിജീവനത്തിന്റെ കുറിഞ്ഞിപ്പൂക്കളായിരുന്നു.

2018 മെയ് മാസങ്ങളിലായി നീലക്കുറിഞ്ഞി വിടരുമെന്നായിരുന്നു കണക്കുകൂട്ടല്‍. പ്രളയത്താലത് സെപ്റ്റംബര്‍ മാസത്തേക്ക് മാറിപ്പോയി. മൂന്നാറിലെ ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വിനോദസഞ്ചാരികളെ വരവേറ്റ് നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലേക്ക് 20 ലക്ഷത്തില്‍ പരം സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ വന്ന് തുടങ്ങുന്നേയുള്ളൂ. നാട്ടുകാരാണിപ്പോള്‍ കൂടുതലായി വരുന്നത്. ഒറ്റയ്ക്ക് കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. ഒരു പ്രദേശത്ത് വ്യാപകമായി പൂത്തുനില്‍ക്കുമ്പോഴാണ് കുറിഞ്ഞിയുടെ ഭംഗിയറിയാനാകുന്നത്. പൂക്കളുടെ താഴ്‌വരയെ ഓര്‍മിപ്പിക്കും പോലെയാണ് രാജമലയിലെ ഈ നീലവസന്തം.

നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്ന് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. കേരള-വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കുറിഞ്ഞിപ്പൂക്കള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ട് ആവേശം തോന്നുന്നവര്‍ ചെടിപറിച്ചുകൊണ്ടു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2006 ലാണ് ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറിഞ്ഞി പറിച്ചാല്‍ 2000 രൂപയാണ് പിഴ.

കൊളുക്കുമലയിലും രാജമലയിലുമാണ് നീലക്കുറിഞ്ഞി ഇപ്പോള്‍ പൂത്ത് തളിര്‍ത്തിരിക്കുന്നത്.

കൊളുക്കുമലയിലെത്താനായി സൂര്യനെല്ലിയില്‍ നിന്ന് ടൂറിസം വകുപ്പിന്റെ ജീപ്പ് സംവിധാനം ലഭ്യമാണ്. 2500 രൂപയോളമാണിതിന് ചാര്‍ജ് ചെയ്യുന്നത്.

രാജമലയില്‍ എത്തുന്നതിനായി കേരള ടൂറിസം വകുപ്പ് സജ്ജീകരിച്ച ബസ് സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബസ് യാത്രയ്ക്കായി ഒരാള്‍ക്ക് 750 രൂപയാണ് നല്‍കേണ്ടത്‌.മൂന്നാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ 7 മണി മുതല്‍ പ്രവേശനത്തിനായുള്ള ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആണ്ടിലൊരിക്കല്‍ പൂക്കുന്ന ഈ നീലവസന്തം കാണാന്‍ ആരുമൊന്ന് കൊതിച്ചിരിക്കും, തീര്‍ച്ച.

https://www.keralatourism.org/dtpc എന്ന വെബ്‌സൈറ്റിലൂടെ സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്‌.