ഇൻഡ്യ

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിൽ;'ഡിഎൻഎ പരിശോധന വേണം'

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി കടൽ തീരത്തോട് ചേർന്ന് ഹോന്നവാരയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുൻ്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 

കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല.മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്.വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. അതിനിടെ, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. 

അതേ സമയം അടിയൊഴുക്ക് ശക്തമായ ഗംഗാവലി പുഴയിലേക്ക് ഇറങ്ങി ഒരാൾക്ക് പരിശോധിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.