ഈരാറ്റുപേട്ട: സംരംഭക വർഷം 2022- 23ന്റെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ വച്ച് ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ സുഹറ അബ്ദുൾഹാദർ മേള ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നിഷാമോൾ എ.വി. മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ., ഫെഡറൽ ബാങ്ക്, കേരളാ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക്, ഈരാറ്റുപേട്ട അർബൻ സൊസൈറ്റി എന്നിങ്ങനെ എട്ടോളം ബാങ്കുകളും കുടുംബശ്രീ, എൻ.യു.എൽ. എം., എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫിഷറീസ്, കേരള പിന്നോക്ക വികസന കോർപ്പറേഷൻ, കെ.എഫ്.സി., മുൻസിപ്പാലിറ്റി ഹെൽത്ത് സെക്ഷൻ, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരും എസ്.സി., എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു.
150 ഓളം പേർ പങ്കെടുത്ത മേളയിൽ വെച്ച് ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം ചെയ്യുകയുണ്ടായി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ വെച്ച് തന്നെ ലഭ്യമാക്കുകയുണ്ടായി. വ്യവസായ വകുപ്പും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിച്ച മേള ഒരു വൻ വിജയമായിരുന്നു എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.